Global Society of Manjapra

About Us

HomeAbout – Malayalam

ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്ര

മഞ്ഞപ്ര, അയ്യംമ്പുഴ പഞ്ചായത്തുകളിൽ കുടുംബവേരുകളുള്ള നിഷ്പക്ഷരായ ആളുകളുടെ കൂട്ടായ്മയാണ് ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്ര അഥവാ GSM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടന. GSM ൻ്റെ പ്രാഥമിക ലക്ഷ്യം ജന്മനാടിന്റെ സമഗ്രമായ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധതയുള്ള സമാന ചിന്താഗതിക്കാരായ ആളുകളെ ഉൾപ്പെടുത്തുകയെന്നതാണ്. ഈ സൊസൈറ്റി 2023 ജൂൺ 16-ന് 28 സ്ഥാപക അംഗങ്ങളുമായി 1955ലെ തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്ട്രേഷൻ  ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് (EKM|TC|328|2023). രാഷ്ട്രീയത്തിനും മതത്തിനും അതീതമായി നിഷ്പക്ഷമായി ചിന്തിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ളവരുടെ കൂട്ടായ്മയാണ് ഈ സംഘടന. മഞ്ഞപ്രയിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകൾ വിദേശത്തും ഇന്ത്യക്കകത്തെ മറ്റു സ്ഥലങ്ങളിലും താമസിക്കുന്നവരാണ്. അവരിൽ പലരും ഇപ്പോഴും സ്വന്തം ജന്മനാടിനോട് ആത്മബന്ധം നിലനിർത്തുന്നവരാണ്. അവരെയെല്ലാം ഉൾപ്പെടുത്തുക എന്ന ലക്ഷ്യം ഉള്ളതിനാലാണ് ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്ര എന്ന് ഈ സംഘടനയ്ക്ക് പേര് നൽകിയത്. നിലവിൽ മഞ്ഞപ്രയിൽ നിരവധി സംഘടനകളും ക്ലബ്ബുകളും ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. “Together We Pioneer” എന്നാണ് ക്ലബ്ബിന്റെ ടാഗ് ലൈൻ.

തീർച്ചയായും, മഞ്ഞപ്ര അയ്യംമ്പുഴ അതിന്റെ പ്രകൃതിഭംഗിയാലും ഭൂഗർഭജലത്തിന്റെ ലഭ്യതയാലും മലിനീകരണ നിലവാരത്തിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ അനുഗ്രഹീതമാണ്. ഒട്ടേറെ പ്രമുഖർക്ക് ജന്മം നൽകിയ നാട് കൂടിയാണിത്. എന്നാൽ നമ്മുടെ സമീപ പഞ്ചായത്തുകളോ പ്രദേശങ്ങളോ നോക്കുമ്പോൾ പറയത്തക്ക സ്‌ഥാപനങ്ങളോ സംവിധാനങ്ങളോ മഞ്ഞപ്രയിലില്ല എന്നുതന്നെ പറയാം. നമ്മുടെ രാജ്യത്തും വിദേശത്തുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാധനരായ വ്യക്തികളുടെ സഹകരണവും പിന്തുണയും ലഭിച്ചാൽ ജന്മനാടിന്റെ ഉന്നമനത്തിനായി GSM ന് പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.

ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവും കലാപരവും ആരോഗ്യപരവുമായ പുരോഗതിക്കായി പരിശ്രമിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. കൂടാതെ, പ്രത്യേക അവസരങ്ങളിൽ അംഗങ്ങൾക്കും അവരുടെ കുടുംബത്തിനുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാനും GSM ഉദ്ദേശിക്കുന്നു. നിലവിൽ മഞ്ഞപ്ര പൊയ്ത്തുരുത്തിൽ സ്ഥിതി ചെയ്യുന്ന “കൃഷിപാഠശാല”യുടെ ഹാളും ഓഫീസും GSM ന്റെ പ്രവർത്തനത്തിന് ഉപയോഗിക്കാം.

100% ക്രൗഡ് ഫണ്ട് ഉപയോഗിച്ച് ഒരു സ്വതന്ത്ര സൊസൈറ്റിയായി പ്രവർത്തിക്കും, കൂടാതെ ആളുകൾക്ക് സംഭാവനകൾ നൽകുന്നതിനായി ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്, സുതാര്യത അനുവദിക്കുകയും അംഗങ്ങൾക്കും അതിന്റെ പങ്കാളികൾക്കും വ്യക്തമായ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്.

ഞങ്ങളുടെ ദൗത്യം

രാജ്യത്തും വിദേശത്തുമായി താമസിക്കുന്ന മഞ്ഞപ്രയിലും പരിസരങ്ങളിലും കുടുംബവേരുകളുള്ള എല്ലാ നിഷ്പക്ഷ ചിന്താഗതിക്കാരായ ആളുകളെയും ബന്ധിപ്പിക്കുന്നു. പ്രാദേശിക കമ്മ്യൂണിറ്റി ഇടപഴകൽ, അംഗങ്ങളുടെ സഹകരണം, സുസ്ഥിര വളർച്ചയ്ക്കുള്ള ദീർഘകാല പ്രതിബദ്ധത എന്നിവ സമന്വയിപ്പിക്കുന്ന ബഹുമുഖ സമീപനത്തിലൂടെ ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനും വികസനത്തിനും വേണ്ടി സമഗ്രമായ പദ്ധതി സ്വീകരിക്കുക.

ഞങ്ങളുടെ വീക്ഷണം

ജന്മനാടിന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കുന്നു.